Thursday, January 14, 2021

പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികളുടെ സമഗ്ര വളര്‍ച്ചക്കായി അന്റോണിയന്‍ ക്ലബ്ബ്..

    
വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, പരിസ്ഥിതി സംരക്ഷണം എന്നീ മൂന്ന് ലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സമഗ്ര വളര്‍ച്ച സാധ്യമാകും എന്ന കാഴ്ച്ചപ്പാടോടെയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2010-11 സ്കൂള്‍ വര്‍ഷം, അധ്യാപകനായ ടോണി തോമസിന്റെ നേതൃത്വത്തില്‍ അന്റോണിയന്‍ ക്ലബ്ബിന് തുടക്കം കുറിച്ചത്. സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ സി.എം.ഐ. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. പി.സി.ജോര്‍ജ്ജ് എം.എല്‍.എ. മുഖ്യ അതിഥിയായിരുന്നു. ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., ശ്രീ. ബൈജു ജേക്കബ്, ശ്രീ. ടോണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

        ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന ഇരുപതുപേര്‍ക്കു വീതം, ആകെ  അറുപത് കുട്ടികള്‍ക്കാണ് ക്ലബ്ബില്‍ അംഗത്വം നല്‍കിയത്. അപേക്ഷ നല്‍കുന്ന, ഇരട്ടിയോളം വരുന്ന കുട്ടികളില്‍നിന്ന് ക്ലബ് ആംഗങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ക്ലാസില്‍ ക്ലബ്ബ് അംഗമാകുന്ന കുട്ടി, തുടര്‍ന്നുള്ള മൂന്നു വര്‍ഷക്കാലംകൊണ്ട് മുപ്പതോളം പരിശീലന പദ്ധതികളിലൂടെ കടന്നുപോയി, ഒന്‍പതാം ക്ലാസ് കഴിയുന്നതോടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുപോലെയാണ് പ്രോജക്ട് തയ്യാറാക്കിയത്. പിന്നീട്, രണ്ടായിരത്തി പതിനഞ്ചുമുതല്‍, എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും ക്ലബ്ബില്‍ അംഗമാകുന്നതുപോലെ ക്രമീകരണത്തില്‍ മാറ്റം വരുത്തി. ഒന്‍പതാം ക്ലാസിലേക്ക് എത്തുമ്പോള്‍ ഇവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കോര്‍ ടീം, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ലിഡ് ചെയ്യുവാനായി നിയോഗിക്കപ്പെടുന്നു. ഈ രീതിയാണ് ഇപ്പോള്‍ തുടരുന്നത്. 

      പത്തുവര്‍ഷം മുന്‍പ് സ്കൂളിലെ അധ്യാപകനും പിന്നീട് സ്കൂള്‍ മാനേജരുമായിരുന്ന ഫാ.ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ.-യാണ് ക്ലബ്ബിന് 'അന്റോണിയന്‍' എന്ന പേര് നിര്‍ദ്ദേശിച്ചത്. പൂഞ്ഞാറില്‍നിന്ന് സ്ഥലംമാറി പോകുന്നതുവരെ അച്ചന്‍ ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. സ്കൂളിലെ അധ്യാപകനായ ടോണി തോമസ് കഴിഞ്ഞ പത്തുവര്‍ഷമായി ക്ലബ്ബ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ഓരോ വര്‍ഷവും അധ്യാപകരുടെ ഓരോ ടീമും ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി രൂപീകരിക്കുന്നു. കുടാതെ, മാനേജ്മെന്റിന്റെയും പി.റ്റി.എ.-യുടെയും പൂര്‍ണ്ണ പിന്തുണയും പ്രദേശത്തെ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും സാംസ്കാരിക-പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണവും ലഭിച്ചതോടെ അന്റോണിയന്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പത്തുവര്‍ഷം പിന്നിടുകയാണ്.



No comments:

Post a Comment

അന്റോണിയൻ ക്ലബ്ബും പൂഞ്ഞാർ ബ്ലോഗും പത്താം വാർഷികം ആഘോഷിക്കുന്നു..

     പത്ത് വർഷം മുന്‍പ്, 2010-11 അദ്ധ്യയന വര്‍ഷത്തില്‍ പൂഞ്ഞാർ സെന്റ് ആന്റണീസിൽ തുടക്കമിട്ട രണ്ട് പ്രോജക്റ്റുകൾ ഈ സ്കൂള്‍ വര്‍ഷം (2020-21) പ...