Wednesday, January 13, 2021

പൂഞ്ഞാര്‍ ബ്ലോഗിനും പത്തുവയസ്സ്..

 

പൂഞ്ഞാര്‍ ബ്ലോഗിന്റെ ഉദ്ഘാടനം, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ നിര്‍വ്വഹിക്കുന്നു. പ്രിന്‍സിപ്പാള്‍ ശ്രീ. എ.ജെ. ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. എം.സി. മാത്യു, ശ്രീ. ബൈജു ജേക്കബ്, വാര്‍ഡ് മെമ്പര്‍ ശ്രീ. അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ഹെഡ്മാസ്റ്റര്‍ ശ്രീ. റ്റി.എം.ജോസഫ്, സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ സി.എം.ഐ., ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ടോണി തോമസ് തുടങ്ങിയവര്‍ സമീപം.

        പത്തുവര്‍ഷം മുന്‍പ്, കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍, അന്റോണിയന്‍ ക്ലബ്ബ് അംഗങ്ങളായ  അധ്യാപകരുടെയും കുട്ടികളുടെയും ഇടയില്‍ ഉടലെടുത്ത ചില 'ഭ്രാന്തന്‍ ചിന്തകളുടെ' ഫലമായി രൂപപ്പെട്ടതാണ് പ്രാദേശിക വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന 'പൂഞ്ഞാര്‍ ബ്ലോഗ്’. ഐ.റ്റി.-യിലും ജേര്‍ണലിസത്തിലുമുള്ള ചില അധ്യാപകരുടെ താത്പ്പര്യമാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവക്കുന്ന ഒരു ബ്ലോഗ് തുടങ്ങാന്‍ കാരണമായത്. കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുന്നതിനും പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ മനസിലാക്കുന്നതിനമായി, രണ്ടായിരത്തി ഏഴില്‍, അന്റോണിയന്‍ എന്ന പേരില്‍ ഒരു സ്കൂള്‍ പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. രണ്ടായിരത്തി ഒന്‍പതില്‍ നാടിന്റെ വാര്‍ത്തകള്‍കൂടി ചേര്‍ത്ത് അന്റോണിയന്‍ പൂഞ്ഞാറിന്റെ പത്രമായി മാറി. രണ്ടായിരത്തി പത്തില്‍ അന്റോണിയന്‍ , ഓണ്‍ലൈന്‍ ന്യൂസ് ബ്ലോഗായി രൂപാന്തരപ്പെട്ടു.

       'പൂഞ്ഞാര്‍ ന്യൂസ് ' എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. യു.പി., ഹൈസ്കൂള്‍ ക്ലാസുകളിലായി പഠിക്കുന്ന അറുപതോളം മിടുക്കരാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ അണിനിരന്നത്. പ്രധാനമായും സ്കൂള്‍ വാര്‍ത്തകളും അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിന് ഉപകാരപ്രദമായ അറിവുകളും നന്മനിറഞ്ഞ പ്രാദേശിക വിശേഷങ്ങളുമാണ് ബ്ലോഗിലൂടെ നല്‍കിയിരുന്നത്. കുട്ടികള്‍, തങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി  പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുകയും പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ നന്മ നിറഞ്ഞ വാര്‍ത്തകള്‍,  ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരുടെയും പി.റ്റി.എ. അംഗങ്ങളുടെയും സഹായത്തോടെ  കണ്ടെത്തുകയും ചെയ്തു.

            ന്യൂസ് റൈറ്റിംഗിലും റിപ്പോട്ടിംഗിലും എഡിറ്റിംഗിലും കുട്ടികള്‍ക്ക് പ്രത്യേകപരിശീലനവും നല്‍കി. പത്രപ്രവര്‍ത്തനരംഗത്തെ വിദഗ്ദ്ധരടക്കം കുട്ടിറിപ്പോര്‍ട്ടര്‍മാരെ പരിശീലിപ്പിച്ചു. സ്കൂളില്‍ എത്തുന്ന വാര്‍ത്തകള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിധീകരണയോഗ്യമാക്കി. എല്ലാ ദിവസവും സ്കൂള്‍ സമയത്തിനുശേഷവും അവധി ദിവസങ്ങളിലുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
        പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സ്കൂള്‍ കലാമേളകള്‍ നടത്തുവാന്‍ തുടങ്ങിയ അതേവര്‍ഷംതന്നെ, ഈരാറ്റുപേട്ട ഉപജില്ലാ റിസല്‍ട്ടുകള്‍ ഓണ്‍ലൈനില്‍ നല്‍കിക്കൊണ്ട് പൂഞ്ഞാര്‍ ബ്ലോഗ് ശ്രദ്ധേയമായി. അന്നുതൊട്ട് ഇന്നുവരെ, ഉപജില്ലയിലെ എല്ലാ സ്കൂള്‍ മേളകളുടെയും റിസല്‍ട്ടുകള്‍ ഓണ്‍ലൈനില്‍ അറിയുവാന്‍ ഉപജില്ലയിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂഞ്ഞാര്‍ ബ്ലോഗ് ഉപയോഗപ്പെടുത്തുന്നു. ഇടയ്ക്ക്, ബ്ലോഗിനു ഫേസ് ബുക്ക് പേജും ആരംഭിച്ചു.

      ഇതൊക്കെയാണെങ്കിലും, ചില പോസ്റ്റുകളുടെ വ്യൂവേഴ്സിന്റെ എണ്ണം കാണുമ്പോള്‍ പിന്നണിപ്രവര്‍ത്തകര്‍ക്ക് നിരാശതോന്നിയിരുന്നു. അന്ന് ഓണ്‍ലൈനില്‍ സജീവമായവര്‍ കുറവായിരുന്നു എന്നതാണ് പ്രധാന കാരണം. ബിസിനസോ പരസ്യലാഭങ്ങളോ ഒന്നും ലക്ഷ്യമായിരുന്നില്ല എന്നതിനാല്‍ കൂടുതല്‍ പബ്ലിസിറ്റിക്ക് ശ്രമിച്ചുമില്ല. ബ്ലോഗ് ഏതാണ്ട് നിര്‍ജ്ജീവ അവസ്ഥയിലായപ്പോള്‍, പ്രവര്‍ത്തനം അവസാനിപ്പിച്ചാലോ എന്നായി ആലോചന.
          ബ്ലോഗ് ഡിലിറ്റാക്കുന്നതിനു മുന്‍പ്, ഫേസ് ബുക്ക് പേജ് ഡിലിറ്റ് ചെയ്യാന്‍ നോക്കിയപ്പോള്‍, ഇന്‍ബോക്സില്‍ അരമണിക്കൂര്‍ മുന്‍പ് ഒരു മെസേജ് വന്നിരിക്കുന്നു. ഒരു തൃശൂര്‍ക്കാരനാണ്. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തൃശൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നു. പൂഞ്ഞാറുകാരന്‍ എന്ന സംശയത്താല്‍ നെറ്റില്‍ പൂഞ്ഞാര്‍ എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ പൂഞ്ഞാര്‍ ബ്ലോഗിന്റെ ഫേസ് ബുക്ക് പേജാണ് പെട്ടെന്ന് ലഭിച്ചത്. അതിലേക്ക് ആളുടെ ഫോട്ടോ സഹിതം വിവരങ്ങള്‍ അയച്ചിരിക്കുന്നു. കണ്ടതേ ആളേ മനസിലായി. സ്കൂളിലെ കുട്ടിയുടെ രക്ഷിതാവാണ്. പെട്ടെന്ന് വിവരങ്ങള്‍ കൈമാറി. രാത്രിതന്നെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും തൃശൂരെത്തി ആളെ ഏറ്റെടുക്കാന്‍ സാധിച്ചു. ഇപ്പോഴും ചികിത്സ തുടരുന്നു.

      പൂഞ്ഞാര്‍ ബ്ലോഗിനും പുതുജീവന്‍ പകര്‍ന്ന സംഭവമായിരുന്നു ഇത്. സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ബ്ലോഗ് ഞങ്ങളുടെ സ്കൂളിലെ രക്ഷിതാവിനുതന്നെ താങ്ങായിരിക്കുന്നു. ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുള്ള ചിന്ത ഒരു നിമിഷംകൊണ്ട് അധ്യാപകര്‍ ഉപേക്ഷിച്ചു. എല്ലാ ദിവസവും അപ്ഡേഷനുകള്‍ നടത്തുന്നില്ലെങ്കിലും, കുട്ടികളുടെ ടീം വീണ്ടും രൂപീകരിക്കാനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ അറിവുകള്‍ പങ്കുവയ്ക്കുന്ന ഒരിടമായി ബ്ലോഗിനെ നിലനിര്‍ത്താനും തീരുമാനമായി. Antonian News എന്ന പേരില്‍ കുട്ടികളുടെ യു-ട്യൂബ് ചാനലും ഇതോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
            സ്കൂളിലെ അധ്യാപകനായ ടോണി തോമസ് കഴിഞ്ഞ പത്തുവര്‍ഷമായി ബ്ലോഗ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. മാറിമാറി വരുന്ന എല്ലാ സ്കൂള്‍ മാനേജര്‍മാരും ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും സ്കൂള്‍ പി.റ്റി.എ.-യും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.

    ഇപ്പോള്‍, കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശേഖരിച്ച് ബ്ലോഗിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍നിന്നും പൂഞ്ഞാര്‍ പി.ച്ച്.സി.- യില്‍നിന്നുമുള്ള അറിയിപ്പുകള്‍ അതാത് സമയങ്ങളില്‍ ഓണ്‍ലൈന്‍ ചെയ്യുന്നു. കൂടാതെ, ലോക് ഡൗണ്‍ കാലത്ത് കുട്ടികള്‍ വീട്ടിലിരുന്ന് പുതിയ ആശയങ്ങള്‍ കണ്ടെത്തി, യു-ട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അതെ.. ഇവരുടെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്..

പൂഞ്ഞാര്‍ ബ്ലോഗിന്റെ വിലാസം : www.poonjarblog.blogspot.com

ബ്ലോഗിന്റെ ഫേസ് ബുക്ക് പേജ് : www.facebook.com/poonjarblog

യു-ട്യൂബ് ചാനല്‍ : www.youtube.com/channel/UCts18mQXt1stldhqPRkADGg




 


No comments:

Post a Comment

അന്റോണിയൻ ക്ലബ്ബും പൂഞ്ഞാർ ബ്ലോഗും പത്താം വാർഷികം ആഘോഷിക്കുന്നു..

     പത്ത് വർഷം മുന്‍പ്, 2010-11 അദ്ധ്യയന വര്‍ഷത്തില്‍ പൂഞ്ഞാർ സെന്റ് ആന്റണീസിൽ തുടക്കമിട്ട രണ്ട് പ്രോജക്റ്റുകൾ ഈ സ്കൂള്‍ വര്‍ഷം (2020-21) പ...