Saturday, January 16, 2021

അന്റോണിയൻ ക്ലബ്ബും പൂഞ്ഞാർ ബ്ലോഗും പത്താം വാർഷികം ആഘോഷിക്കുന്നു..

    പത്ത് വർഷം മുന്‍പ്, 2010-11 അദ്ധ്യയന വര്‍ഷത്തില്‍ പൂഞ്ഞാർ സെന്റ് ആന്റണീസിൽ തുടക്കമിട്ട രണ്ട് പ്രോജക്റ്റുകൾ ഈ സ്കൂള്‍ വര്‍ഷം (2020-21) പത്താം വാർഷികം ആഘോഷിക്കുകയാണ് - അന്റോണിയൻ ക്ലബ്ബും പൂഞ്ഞാർ ബ്ലോഗും. 
    കോവിഡ് കാലം ആഘോഷങ്ങൾ ഇല്ലാതാക്കിയെങ്കിലും ഈ പത്താം വാർഷികം ഞങ്ങള്‍ക്ക് നൽകുന്ന ആത്മസംതൃപതി വലുതാണ്. സോഷ്യൽ മീഡിയ വളർന്നതോടെ, കഴിഞ്ഞ മൂന്നോ നാലോ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളാണ് പലരും ശ്രദ്ധിച്ചിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ 10 വർഷമായി എത്രയോ പ്രോഗ്രാമുകള്‍.., റിസോഴ്സ് പേഴ്സൺസ് നയിക്കുന്ന പത്ത് സ്പെഷ്യൽ പ്രോഗ്രാമുകൾ എങ്കിലും ഓരോ വർഷവും, റസിഡൻഷ്യൽ ക്യാമ്പുകൾ, സെമിനാറുകള്‍, മത്സരങ്ങള്‍, പഠന യാത്രകള്‍, പഞ്ചായത്തിൽ നടപ്പിലാക്കിയ മൂന്ന് പ്രോജക്റ്റുകൾ, ദൂരദർശനിൽ സംപ്രേഷണം ചെയ്തതും സംസ്ഥാന അംഗീകാരം നേടിയതുമായ ഷോർട്ട് ഫിലിമുകൾ, അവസാനം ഏറ്റെടുത്ത് നടത്തിയ ജലശ്രീ ക്ലബ് പ്രവർത്തനങ്ങളിലൂടെ സംസ്ഥാന പുരസ്കാരവും ദേശീയ തലത്തിലേക്ക് സെലക്ഷനും.. 
    പത്താം വാർഷിക വേളയിൽ തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ ഏറെ.. നന്ദി പറയാൻ ഒത്തിരി മുഖങ്ങൾ.. ഈ ദിവസങ്ങളിൽ ആ മുഖങ്ങൾ ഓർത്തെടുക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചില ക്ലബ്ബ് പ്രവർത്തനങ്ങൾ മാത്രം, എല്ലാവരുടെയും അറിവിലേക്കായി ഇവിടെ നല്‍കുകയാണ്..
ടോണി തോമസ് പുതിയാപറമ്പില്‍
(ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍)

 

Friday, January 15, 2021

അന്റോണിയന്‍ കൂട്ടായ്മയുടെ തുടക്കം അന്റോണിയന്‍ 'കുട്ടിപ്പത്രത്തിലൂടെ'..

 

2009-10 സ്കൂള്‍വര്‍ഷം പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ആരംഭിച്ച, പ്രാദേശിക വിശേഷങ്ങള്‍ അടങ്ങിയ കുട്ടികളുടെ ത്രൈമാസ പത്രം - 'അന്റോണിയന്‍', വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാന്തമ്മ രാമചന്ദ്രന് കൈമാറിക്കൊണ്ട് ശ്രീ. പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. ഷാജു എസ്. പാളിത്തോട്ടം, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പുന്നൂസ് കരിയാപുരയിടം, സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ സി.എം.ഐ., അന്റോണിയന്‍ ചീഫ് എഡിറ്റര്‍ ശ്രീ. ടോണി തോമസ്, ശ്രീ. സിജു ജോസഫ് എന്നിവര്‍ സമീപം.

ഫാ.ജെയിംസ് നീണ്ടൂശ്ശേരി C.M.I. 

    2007-08 സ്കൂള്‍വര്‍ഷം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ ന്യൂസ് ലെറ്റര്‍ തയ്യാറാക്കാനായി ജേര്‍ണലിസത്തില്‍ താത്പ്പര്യമുള്ള അധ്യാപകരുടെ ഒരു ടീം രൂപീകരിച്ചു. അധ്യാപകരായ ശ്രീ. റോയി ജോസഫ്, ശ്രീ. ടോണി തോമസ്  എന്നിവര്‍ക്കായിരുന്നു പ്രധാന ചുമതല. രണ്ടായിരത്തി ഏഴിലും രണ്ടായിരത്തി എട്ടിലും ഇറങ്ങിയ ന്യൂസ് ലെറ്ററിന് അന്റോണിയന്‍ എന്ന പേര് നല്‍കിയത് അന്ന് സ്കൂളിലെ അധ്യാപകനായിരുന്ന ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ.-യാണ്. പിന്നീട് അന്റോണിയന്‍ ക്ലബ്ബിന് ആ പേര് നിര്‍ദ്ദേശിച്ചതും ജെയിംസച്ചനാണ്.

ടോണി തോമസ്

    അതിനുശേഷം, രണ്ടായിരത്തി ഒന്‍പതില്‍ ടോണി തോമസ് കോ-ഓര്‍ഡിനേറ്ററായി ജേര്‍ണലിസം ക്ലബ്ബ് രൂപീകരിക്കുകയും നാട്ടുവാര്‍ത്തകള്‍കൂടി ചേര്‍ത്ത് ത്രൈമാസ പത്രമായി അന്റോണിയന്‍ മാറുകയും ചെയ്തു. നാട്ടിലെ നന്മനിറഞ്ഞ വാര്‍ത്തകള്‍ കണ്ടെത്താന്‍ കുട്ടി റിപ്പോര്‍ട്ടര്‍മാരെ തെരഞ്ഞെടുത്തു. വിദ്യാര്‍ഥികള്‍ വരുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കി, ഒരു പ്രദേശത്തുനിന്ന് രണ്ട് കുട്ടികളെവീതമാണ് തെരഞ്ഞെടുത്തത്. തങ്ങളുടെ നാട്ടിലെ നന്മനിറഞ്ഞ വിശേഷങ്ങള്‍ ഇവര്‍ കണ്ടെത്തുന്നു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ കുട്ടികളെ സഹായിക്കാനുണ്ടായിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും എഡിറ്റോറിയല്‍ ബോര്‍ഡുകള്‍ചേര്‍ന്ന് നാട്ടുവിശേഷങ്ങളും സ്കൂള്‍ വിശേഷങ്ങളും ചേര്‍ത്ത് പത്രവാര്‍ത്ത തയ്യാറാക്കി.

    ആ വര്‍ഷം രണ്ടു പത്രമാണ് പ്രസിദ്ധീകരിക്കാന്‍ സാധിച്ചത്. ഈ ടീമാണ് രണ്ടായിരത്തി പത്തില്‍ അന്റോണിയന്‍ ക്ലബ്ബായി മാറിയത്. ത്രൈമാസ പത്രം, പിന്നീട്, പൂഞ്ഞാര്‍ ബ്ലോഗിന്റെ രൂപത്തില്‍ ഓണ്‍ലൈന്‍ പത്രമായും മാറി.

ദീപിക - ഓഗസ്റ്റ് 2009
മനോരമ - ഓഗസ്റ്റ് 2009

മംഗളം - ഓഗസ്റ്റ് 2009

Thursday, January 14, 2021

പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികളുടെ സമഗ്ര വളര്‍ച്ചക്കായി അന്റോണിയന്‍ ക്ലബ്ബ്..

    
വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, പരിസ്ഥിതി സംരക്ഷണം എന്നീ മൂന്ന് ലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സമഗ്ര വളര്‍ച്ച സാധ്യമാകും എന്ന കാഴ്ച്ചപ്പാടോടെയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2010-11 സ്കൂള്‍ വര്‍ഷം, അധ്യാപകനായ ടോണി തോമസിന്റെ നേതൃത്വത്തില്‍ അന്റോണിയന്‍ ക്ലബ്ബിന് തുടക്കം കുറിച്ചത്. സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ സി.എം.ഐ. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. പി.സി.ജോര്‍ജ്ജ് എം.എല്‍.എ. മുഖ്യ അതിഥിയായിരുന്നു. ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., ശ്രീ. ബൈജു ജേക്കബ്, ശ്രീ. ടോണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

        ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന ഇരുപതുപേര്‍ക്കു വീതം, ആകെ  അറുപത് കുട്ടികള്‍ക്കാണ് ക്ലബ്ബില്‍ അംഗത്വം നല്‍കിയത്. അപേക്ഷ നല്‍കുന്ന, ഇരട്ടിയോളം വരുന്ന കുട്ടികളില്‍നിന്ന് ക്ലബ് ആംഗങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ക്ലാസില്‍ ക്ലബ്ബ് അംഗമാകുന്ന കുട്ടി, തുടര്‍ന്നുള്ള മൂന്നു വര്‍ഷക്കാലംകൊണ്ട് മുപ്പതോളം പരിശീലന പദ്ധതികളിലൂടെ കടന്നുപോയി, ഒന്‍പതാം ക്ലാസ് കഴിയുന്നതോടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുപോലെയാണ് പ്രോജക്ട് തയ്യാറാക്കിയത്. പിന്നീട്, രണ്ടായിരത്തി പതിനഞ്ചുമുതല്‍, എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും ക്ലബ്ബില്‍ അംഗമാകുന്നതുപോലെ ക്രമീകരണത്തില്‍ മാറ്റം വരുത്തി. ഒന്‍പതാം ക്ലാസിലേക്ക് എത്തുമ്പോള്‍ ഇവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കോര്‍ ടീം, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ലിഡ് ചെയ്യുവാനായി നിയോഗിക്കപ്പെടുന്നു. ഈ രീതിയാണ് ഇപ്പോള്‍ തുടരുന്നത്. 

      പത്തുവര്‍ഷം മുന്‍പ് സ്കൂളിലെ അധ്യാപകനും പിന്നീട് സ്കൂള്‍ മാനേജരുമായിരുന്ന ഫാ.ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ.-യാണ് ക്ലബ്ബിന് 'അന്റോണിയന്‍' എന്ന പേര് നിര്‍ദ്ദേശിച്ചത്. പൂഞ്ഞാറില്‍നിന്ന് സ്ഥലംമാറി പോകുന്നതുവരെ അച്ചന്‍ ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. സ്കൂളിലെ അധ്യാപകനായ ടോണി തോമസ് കഴിഞ്ഞ പത്തുവര്‍ഷമായി ക്ലബ്ബ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ഓരോ വര്‍ഷവും അധ്യാപകരുടെ ഓരോ ടീമും ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി രൂപീകരിക്കുന്നു. കുടാതെ, മാനേജ്മെന്റിന്റെയും പി.റ്റി.എ.-യുടെയും പൂര്‍ണ്ണ പിന്തുണയും പ്രദേശത്തെ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും സാംസ്കാരിക-പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണവും ലഭിച്ചതോടെ അന്റോണിയന്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പത്തുവര്‍ഷം പിന്നിടുകയാണ്.



Wednesday, January 13, 2021

പൂഞ്ഞാര്‍ ബ്ലോഗിനും പത്തുവയസ്സ്..

 

പൂഞ്ഞാര്‍ ബ്ലോഗിന്റെ ഉദ്ഘാടനം, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ നിര്‍വ്വഹിക്കുന്നു. പ്രിന്‍സിപ്പാള്‍ ശ്രീ. എ.ജെ. ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. എം.സി. മാത്യു, ശ്രീ. ബൈജു ജേക്കബ്, വാര്‍ഡ് മെമ്പര്‍ ശ്രീ. അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ഹെഡ്മാസ്റ്റര്‍ ശ്രീ. റ്റി.എം.ജോസഫ്, സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ സി.എം.ഐ., ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ടോണി തോമസ് തുടങ്ങിയവര്‍ സമീപം.

        പത്തുവര്‍ഷം മുന്‍പ്, കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍, അന്റോണിയന്‍ ക്ലബ്ബ് അംഗങ്ങളായ  അധ്യാപകരുടെയും കുട്ടികളുടെയും ഇടയില്‍ ഉടലെടുത്ത ചില 'ഭ്രാന്തന്‍ ചിന്തകളുടെ' ഫലമായി രൂപപ്പെട്ടതാണ് പ്രാദേശിക വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന 'പൂഞ്ഞാര്‍ ബ്ലോഗ്’. ഐ.റ്റി.-യിലും ജേര്‍ണലിസത്തിലുമുള്ള ചില അധ്യാപകരുടെ താത്പ്പര്യമാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവക്കുന്ന ഒരു ബ്ലോഗ് തുടങ്ങാന്‍ കാരണമായത്. കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുന്നതിനും പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ മനസിലാക്കുന്നതിനമായി, രണ്ടായിരത്തി ഏഴില്‍, അന്റോണിയന്‍ എന്ന പേരില്‍ ഒരു സ്കൂള്‍ പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. രണ്ടായിരത്തി ഒന്‍പതില്‍ നാടിന്റെ വാര്‍ത്തകള്‍കൂടി ചേര്‍ത്ത് അന്റോണിയന്‍ പൂഞ്ഞാറിന്റെ പത്രമായി മാറി. രണ്ടായിരത്തി പത്തില്‍ അന്റോണിയന്‍ , ഓണ്‍ലൈന്‍ ന്യൂസ് ബ്ലോഗായി രൂപാന്തരപ്പെട്ടു.

       'പൂഞ്ഞാര്‍ ന്യൂസ് ' എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. യു.പി., ഹൈസ്കൂള്‍ ക്ലാസുകളിലായി പഠിക്കുന്ന അറുപതോളം മിടുക്കരാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ അണിനിരന്നത്. പ്രധാനമായും സ്കൂള്‍ വാര്‍ത്തകളും അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിന് ഉപകാരപ്രദമായ അറിവുകളും നന്മനിറഞ്ഞ പ്രാദേശിക വിശേഷങ്ങളുമാണ് ബ്ലോഗിലൂടെ നല്‍കിയിരുന്നത്. കുട്ടികള്‍, തങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി  പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുകയും പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ നന്മ നിറഞ്ഞ വാര്‍ത്തകള്‍,  ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരുടെയും പി.റ്റി.എ. അംഗങ്ങളുടെയും സഹായത്തോടെ  കണ്ടെത്തുകയും ചെയ്തു.

            ന്യൂസ് റൈറ്റിംഗിലും റിപ്പോട്ടിംഗിലും എഡിറ്റിംഗിലും കുട്ടികള്‍ക്ക് പ്രത്യേകപരിശീലനവും നല്‍കി. പത്രപ്രവര്‍ത്തനരംഗത്തെ വിദഗ്ദ്ധരടക്കം കുട്ടിറിപ്പോര്‍ട്ടര്‍മാരെ പരിശീലിപ്പിച്ചു. സ്കൂളില്‍ എത്തുന്ന വാര്‍ത്തകള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിധീകരണയോഗ്യമാക്കി. എല്ലാ ദിവസവും സ്കൂള്‍ സമയത്തിനുശേഷവും അവധി ദിവസങ്ങളിലുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
        പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സ്കൂള്‍ കലാമേളകള്‍ നടത്തുവാന്‍ തുടങ്ങിയ അതേവര്‍ഷംതന്നെ, ഈരാറ്റുപേട്ട ഉപജില്ലാ റിസല്‍ട്ടുകള്‍ ഓണ്‍ലൈനില്‍ നല്‍കിക്കൊണ്ട് പൂഞ്ഞാര്‍ ബ്ലോഗ് ശ്രദ്ധേയമായി. അന്നുതൊട്ട് ഇന്നുവരെ, ഉപജില്ലയിലെ എല്ലാ സ്കൂള്‍ മേളകളുടെയും റിസല്‍ട്ടുകള്‍ ഓണ്‍ലൈനില്‍ അറിയുവാന്‍ ഉപജില്ലയിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂഞ്ഞാര്‍ ബ്ലോഗ് ഉപയോഗപ്പെടുത്തുന്നു. ഇടയ്ക്ക്, ബ്ലോഗിനു ഫേസ് ബുക്ക് പേജും ആരംഭിച്ചു.

      ഇതൊക്കെയാണെങ്കിലും, ചില പോസ്റ്റുകളുടെ വ്യൂവേഴ്സിന്റെ എണ്ണം കാണുമ്പോള്‍ പിന്നണിപ്രവര്‍ത്തകര്‍ക്ക് നിരാശതോന്നിയിരുന്നു. അന്ന് ഓണ്‍ലൈനില്‍ സജീവമായവര്‍ കുറവായിരുന്നു എന്നതാണ് പ്രധാന കാരണം. ബിസിനസോ പരസ്യലാഭങ്ങളോ ഒന്നും ലക്ഷ്യമായിരുന്നില്ല എന്നതിനാല്‍ കൂടുതല്‍ പബ്ലിസിറ്റിക്ക് ശ്രമിച്ചുമില്ല. ബ്ലോഗ് ഏതാണ്ട് നിര്‍ജ്ജീവ അവസ്ഥയിലായപ്പോള്‍, പ്രവര്‍ത്തനം അവസാനിപ്പിച്ചാലോ എന്നായി ആലോചന.
          ബ്ലോഗ് ഡിലിറ്റാക്കുന്നതിനു മുന്‍പ്, ഫേസ് ബുക്ക് പേജ് ഡിലിറ്റ് ചെയ്യാന്‍ നോക്കിയപ്പോള്‍, ഇന്‍ബോക്സില്‍ അരമണിക്കൂര്‍ മുന്‍പ് ഒരു മെസേജ് വന്നിരിക്കുന്നു. ഒരു തൃശൂര്‍ക്കാരനാണ്. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തൃശൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നു. പൂഞ്ഞാറുകാരന്‍ എന്ന സംശയത്താല്‍ നെറ്റില്‍ പൂഞ്ഞാര്‍ എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ പൂഞ്ഞാര്‍ ബ്ലോഗിന്റെ ഫേസ് ബുക്ക് പേജാണ് പെട്ടെന്ന് ലഭിച്ചത്. അതിലേക്ക് ആളുടെ ഫോട്ടോ സഹിതം വിവരങ്ങള്‍ അയച്ചിരിക്കുന്നു. കണ്ടതേ ആളേ മനസിലായി. സ്കൂളിലെ കുട്ടിയുടെ രക്ഷിതാവാണ്. പെട്ടെന്ന് വിവരങ്ങള്‍ കൈമാറി. രാത്രിതന്നെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും തൃശൂരെത്തി ആളെ ഏറ്റെടുക്കാന്‍ സാധിച്ചു. ഇപ്പോഴും ചികിത്സ തുടരുന്നു.

      പൂഞ്ഞാര്‍ ബ്ലോഗിനും പുതുജീവന്‍ പകര്‍ന്ന സംഭവമായിരുന്നു ഇത്. സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ബ്ലോഗ് ഞങ്ങളുടെ സ്കൂളിലെ രക്ഷിതാവിനുതന്നെ താങ്ങായിരിക്കുന്നു. ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുള്ള ചിന്ത ഒരു നിമിഷംകൊണ്ട് അധ്യാപകര്‍ ഉപേക്ഷിച്ചു. എല്ലാ ദിവസവും അപ്ഡേഷനുകള്‍ നടത്തുന്നില്ലെങ്കിലും, കുട്ടികളുടെ ടീം വീണ്ടും രൂപീകരിക്കാനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ അറിവുകള്‍ പങ്കുവയ്ക്കുന്ന ഒരിടമായി ബ്ലോഗിനെ നിലനിര്‍ത്താനും തീരുമാനമായി. Antonian News എന്ന പേരില്‍ കുട്ടികളുടെ യു-ട്യൂബ് ചാനലും ഇതോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
            സ്കൂളിലെ അധ്യാപകനായ ടോണി തോമസ് കഴിഞ്ഞ പത്തുവര്‍ഷമായി ബ്ലോഗ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. മാറിമാറി വരുന്ന എല്ലാ സ്കൂള്‍ മാനേജര്‍മാരും ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും സ്കൂള്‍ പി.റ്റി.എ.-യും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.

    ഇപ്പോള്‍, കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശേഖരിച്ച് ബ്ലോഗിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍നിന്നും പൂഞ്ഞാര്‍ പി.ച്ച്.സി.- യില്‍നിന്നുമുള്ള അറിയിപ്പുകള്‍ അതാത് സമയങ്ങളില്‍ ഓണ്‍ലൈന്‍ ചെയ്യുന്നു. കൂടാതെ, ലോക് ഡൗണ്‍ കാലത്ത് കുട്ടികള്‍ വീട്ടിലിരുന്ന് പുതിയ ആശയങ്ങള്‍ കണ്ടെത്തി, യു-ട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അതെ.. ഇവരുടെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്..

പൂഞ്ഞാര്‍ ബ്ലോഗിന്റെ വിലാസം : www.poonjarblog.blogspot.com

ബ്ലോഗിന്റെ ഫേസ് ബുക്ക് പേജ് : www.facebook.com/poonjarblog

യു-ട്യൂബ് ചാനല്‍ : www.youtube.com/channel/UCts18mQXt1stldhqPRkADGg




 


Tuesday, January 12, 2021

മനീഷ തയ്യാറാക്കിയ അന്റോണിയന്‍ ലോഗോയും അതിന്റെ അര്‍ഥതലങ്ങളും നമ്മളെ അത്ഭുതപ്പെടുത്തും..

     അന്റോണിയന്‍ ക്ലബ്ബിന് ലോഗോ കണ്ടെത്തുവാനായി കുട്ടികള്‍ക്കിടയില്‍ നടത്തിയ ലോഗോ നിര്‍മ്മാണ മത്സരത്തില്‍, അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും പൂഞ്ഞാര്‍ സ്വദേശിനിയുമായ മനീഷ ബേബിയുടെ സൃഷ്ടി ഞങ്ങളെ അത്ഭുതപ്പെടുത്തി. ലോഗോയുടെ ചിത്രം ഒന്നു നോക്കൂ.. എന്നിട്ട് തുടര്‍ന്നുള്ള ഭാഗം വായിക്കൂ..

മനീഷ ബേബി
    ഇടത്തേക്ക് ചെരിഞ്ഞ് ഇംഗ്ലീഷ് അക്ഷരം A പോലെയും വലത്തേക്ക് ചെരിഞ്ഞ് വെള്ള നിറത്തിലുള്ള വളയംപോലെയും കാണപ്പെടുന്നത് Antonian Club എന്നതിലെ A, C എന്നീ അക്ഷരങ്ങള്‍ തന്നെയാണ്. അതില്‍ A-യുടെ മുകളിലായി ഒരു കുത്ത് (കുട്ടിയുടെ തല) വരുന്നതോടെ, ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലൂടെ സമഗ്രവളര്‍ച്ചയിലേക്ക് കുതിക്കുന്ന കുട്ടിയുടെ ചിത്രമായി അത് മാറുന്നു. വെള്ള വളയം ക്ലബ്ബിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെയും വേള്‍ഡ് വൈഡ് വെബ്ബിനെയും (www) സൂചിപ്പിക്കുന്നു. തുറന്ന പുസ്തകം അറിവ് സമ്പാദനവും പുസ്തകത്തില്‍ എഴുതുന്ന പേനയായി വാള്‍ കാണിച്ചിരിക്കുന്നത് അക്ഷരത്തെ പടവാളാക്കുക എന്നതും അര്‍ഥമാക്കുന്നു. വളരെ അര്‍ഥവത്തായ ഒരു ലോഗോയാണ് മനീഷ അന്റോണിയന്‍ ക്ലബ്ബിന് സമ്മാനിച്ചത്. ഇപ്പോള്‍ എം.എസ്.സി. മൈക്രോബയോളജി പഠനം പൂര്‍ത്തിയാക്കുന്ന മനീഷയെ (ക്ലബ്ബിന്റെ ആദ്യ ബാച്ച് അംഗവുമാണ്) ഈ പത്താം വാര്‍ഷിക വേളയില്‍ അഭിമാനത്തോടെ ഓര്‍മ്മിക്കുന്നു.
ലോഗോ നിര്‍മ്മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മനീഷ ബേബിക്ക് സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ സി.എം.ഐ. പുരസ്ക്കാരം നല്‍കുന്നു.

 

അന്റോണിയൻ ക്ലബ്ബും പൂഞ്ഞാർ ബ്ലോഗും പത്താം വാർഷികം ആഘോഷിക്കുന്നു..

     പത്ത് വർഷം മുന്‍പ്, 2010-11 അദ്ധ്യയന വര്‍ഷത്തില്‍ പൂഞ്ഞാർ സെന്റ് ആന്റണീസിൽ തുടക്കമിട്ട രണ്ട് പ്രോജക്റ്റുകൾ ഈ സ്കൂള്‍ വര്‍ഷം (2020-21) പ...